നിങ്ങൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ?

Find Help Now
Language हिन्दी / ਪੰਜਾਬੀ / ગુજરાતી / मराठी / தமிழ் / English

ഒട്ടും ശക്തിയില്ലെന്ന് തോന്നാറുണ്ടോ? നിസ്സഹായതയോ നിരാശയോ തോന്നാറുണ്ടോ? ഇനി ഒരു ദിവസം പോലും മുന്നോട്ട് പോവാൻ കഴിയില്ലെന്ന് തോന്നാറുണ്ടോ? എങ്കിൽ ഈ മാർഗ്ഗങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും:

ജീവിക്കാൻ ഒരു അവസരം കൂടി കൊടുക്കുന്നതെന്തിനാണ്

ആത്മഹത്യ ചെയ്യണം എന്ന തോന്നൽ ഉള്ളത് കൊണ്ടോ അല്ലെങ്കിൽ അങ്ങനെ ആഗ്രഹിക്കുന്ന ആരെയെങ്കിലും അറിയുന്നത് കൊണ്ടോ ആയിരിക്കും നിങ്ങൾ ഈ ലേഖനം വായിക്കുന്നത്.

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട ആ വ്യക്തി നിങ്ങളാണെങ്കിൽ, ദയവായി തുടർന്ന് വായിക്കുക. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്. ജീവിതം അവസാനിപ്പിക്കാൻ ഇതിനകം നിങ്ങൾ എന്തെങ്കിലും മാർഗ്ഗങ്ങൾ തേടുകയോ, ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടാവാം. ജീവിതത്തിൽ നിരാശ മാത്രമേ ഉള്ളുവെന്നും, ഇനി മുന്നോട്ട് ജീവിക്കാൻ ബുദ്ധിമുട്ടാണെന്നും നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. മനസ്സിലെ വേദന സഹിക്കാവുന്നതിലും അപ്പുറമാണ്. നിങ്ങളുടെ മനസ്സിലെ ഭാരങ്ങളോ, അനുഭവിക്കുന്ന വൈകാരിക സംഘർഷങ്ങളോ ആർക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല.

പക്ഷേ, ഇപ്പോൾ നിങ്ങൾ ഇവിടെ എത്തിയത് കൊണ്ട്, നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ എങ്ങനെ വരുത്താം, ഒരവസരം കൂടെ ജീവിതത്തിന് എങ്ങനെ നൽകാം എന്നതിനെ കുറിച്ച് എനിക്ക് നിങ്ങളോട് പ്രതീക്ഷയുടെ ചില വാചകങ്ങൾ പറയാനുണ്ട്.

ഓപ്ഷനുകൾ: നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത് മാറ്റി വെച്ച് മറ്റെന്തെങ്കിലും കാര്യം ചെയ്യുന്നതിന് പരിഗണന കൊടുക്കണം. ഇത് വരെ നടത്തിയ കൗൺസലിംഗും, വിഷമങ്ങൾ പങ്ക് വയ്ക്കലും ഫലം കണ്ടിട്ടുണ്ടാവില്ല. എന്നാൽ കുറച്ച് ചുവടുകൾ കൂടെ എടുക്കാൻ ഞാൻ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. സ്വയം നശിപ്പിക്കാനുള്ള ചിന്തകൾ ഒക്കെ വിട്ടു കളഞ്ഞ്, മറ്റൊരു ദിശയിലേക്ക് നീങ്ങാൻ സഹായിക്കുന്ന ചില ചുവടുകൾ.

നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, “എന്താണെന്ന് എനിക്കറിയില്ല, ഞാൻ ഒരു പരാജയമാണ്. ഞാൻ കടത്തിലാണ്. എന്റെ ഭാര്യ/ഭർത്താവ് എന്നെ വിട്ടുപോയി. അടുത്തറിയുന്ന ഒരാൾ മരണപ്പെട്ടു.ഞാൻ തൊഴിൽരഹിതനാണ്. ഞാൻ ഏകാന്തനാണ്. ഞാൻ______ (നിങ്ങളുടെ മനസ്സിലുള്ളത് ഇവിടെ ചേർക്കുക)." നിങ്ങൾക്ക് ഒരുപാട് പ്രശ്‌നങ്ങളും സംഘർഷങ്ങളും ഉണ്ടെങ്കിലും, എനിക്ക് നിങ്ങളോട് പറയാനുള്ളത് ചിലപ്പോൾ, നിങ്ങളുടെ നാഡീവ്യവസ്ഥയിലെ രാസവസ്തുക്കളുടെ (നെർവസ് സിസ്റ്റത്തിലെ കെമിക്കൽസിന്റെ) പോരായ്മയായിരിക്കാം നിങ്ങളുടെ ഈ പ്രശ്നത്തിന് കാരണം. നിങ്ങൾ അനുഭവിക്കുന്ന വിഷാദത്തിന്റെ (ഡിപ്രെഷന്റെ) ഒരു പ്രധാന കാരണം ഇതായിരിക്കാം.

ആദ്യമായി, എന്തുകൊണ്ടാണ് നിങ്ങൾ വിഷാദരോഗിയായത് എന്നാണ് മനസ്സിലാക്കേണ്ടത്.

വിഷാദം ഉണ്ടാകുന്നത് ന്യൂറോകെമിക്കലുകളുടെ കുറവ് മൂലമാണ് എന്ന് വിഷാദരോഗികളായ പലർക്കും അറിയില്ല. ലോകപ്രശസ്തമായ [മയോക്ലിനിക്] (http://www.mayoclinic.com/)-ൽ നിന്നുള്ള ഒരു സമീപകാല ലേഖനം പറയുന്നത് ഇങ്ങനെയാണ്, "ഒരു വ്യക്തിയിൽ ഉള്ള ജനിതക വൈകല്യം, സമ്മർദ്ദമോ ശാരീരിക രോഗമോ പോലെയുള്ള പരിസ്ഥിതിക ഘടകങ്ങളുമായി ചേരുമ്പോൾ, ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്ന് വിളിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളിൽ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു. ഇത് വിഷാദരോഗത്തിന് കാരണമാകുന്നു. മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകളിലെ അസന്തുലിതാവസ്ഥ - സെറോടോണിൻ, നോറപിനെഫ്രം, ഡോപമീൻ - എന്നിവ വിഷാദരോഗവുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്."

ഈ രാസവസ്തുക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ഊർജ്ജം വർദ്ധിപ്പിക്കാനും ആളുകളെ സഹായിക്കുന്നു. വ്യായാമം, ആത്മീയതയ്‌ക്കായി സമയം ചിലവഴിയിക്കുക, തുടങ്ങിയ രീതികൾക്കൊപ്പം മരുന്നുകളും ഈ ന്യൂറോകെമിക്കലുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും. മരണത്തിലൂടെയോ വിവാഹമോചനത്തിലൂടെയോ നഷ്ടപ്പെട്ട പ്രണയം, ആത്മാഭിമാനത്തിന്റെ കുറവ്, കുറ്റബോധം, നീരസം, കോപം, മുൻപുണ്ടായ ലൈംഗിക പീഡനം അങ്ങനെ മറ്റ് പല പ്രശ്നങ്ങളും നിങ്ങൾക്ക് നേരിടേണ്ടി വന്നിരിക്കാം. ഈ പ്രതിസന്ധികളേയും നഷ്ടങ്ങളേയും നേരിട്ട്, അതിനെ വിലയിരുത്തി, കരഞ്ഞു തീർക്കുകയും വേണം.

** വിഷാദരോഗത്തിന് നിങ്ങൾ കൗൺസിലിങ്ങിന് പോകുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ടോ?** ഇല്ലെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ കുടുംബ ഡോക്ടറെയോ സൈക്യാട്രിസ്റ്റിനെയോ കാണുക അല്ലെങ്കിൽ അടുത്തുള്ള എമർജൻസി റൂമിൽ സഹായത്തിനായി ചെല്ലുക. അല്ലെങ്കിൽ റാഫയുടെ ഹോട്ട്‌ലൈനായ 1-800-383-4673 എന്ന നമ്പറിലേക്ക് വിളിച്ച്, USA-യിലുള്ള ഏതെങ്കിലും കൗൺസിലറുമായി ഫോണിൽ സംസാരിച്ച് ഒരു അഭിപ്രായം ആരായുക. കനേഡിയൻ, അന്തർദേശീയ ഹോട്ട്‌ലൈനുകൾക്കായി, ദയവായി ഈ പേജിന്റെ മുകൾ ഭാഗംവായിക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തുക. ദയവായി ഉടൻ തന്നെ ഇത് ചെയ്യുക!

നിങ്ങൾ നിലവിൽ കൗൺസിലിംഗിന് പോകുന്നുണ്ടെങ്കിൽ, ഈ ആത്മഹത്യാ ചിന്തകളെ മാറ്റാൻ സഹായം ആവശ്യമാണെന്ന് നിങ്ങളുടെ തെറാപ്പിസ്റ്റിനോട് അല്ലെങ്കിൽ സൈക്യാട്രിസ്റ്റിനോട് പറയുക. നിങ്ങളോടൊപ്പം വരാൻ ഒരു കുടുംബാംഗത്തോടോ, സുഹൃത്തിനോടോ ആവശ്യപ്പെടുക.

വിഷാദാവസ്ഥ മനസ്സിലാക്കുകയും നിങ്ങളുടെ വൈകാരിതകളെ നേരിടുകയും ചെയ്യുക

നിങ്ങളുടെ വൈകാരിതകളേയും വിഷാദത്തേയും ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. വൈകാരിതകൾ വസ്തുനിഷ്ഠമായ സത്യമല്ല. വൈകാരിതകൾ ആത്മനിഷ്ഠമായ ചിന്തയുടെ സൂചകങ്ങളാണ്, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിലേക്ക് നിങ്ങളെ നയിച്ച ചിന്തകളെ കുറിച്ച് നിങ്ങൾ ആലോചിക്കേണ്ടതുണ്ട്. ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത്, ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നുണകൾ (കാപട്യങ്ങൾ) വിശ്വസിക്കുക എന്നതാണ്. പലരും വിഷാദരോഗവുമായി മല്ലിട്ടിട്ടുണ്ടെങ്കിലും, അവർ ആ വികാരങ്ങൾക്ക് വഴങ്ങുകയോ, അത് വിശ്വസിക്കുകയോ ചെയ്തില്ല. മുന്നോട്ട് പോകാനുള്ള ധൈര്യം അവർ കാണിച്ചു. അവരുടെ ഭാവിയും, ജീവിതവും മെച്ചപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കാനുള്ള ധൈര്യവും അവർക്കുണ്ടായിരുന്നു.

മാർട്ടിൻ ലൂഥർ തനിക്ക് പതിവായി വരാറുള്ള മാനസിക വിഷമത്തെ കുറിച്ച് ഇങ്ങനെ വിവരിക്കയുണ്ടായി: “ഒരാഴ്ചയിലേറെയായി ഞാൻ മരണത്തിന്റെയും നരകത്തിന്റെയും കവാടത്തിനടുത്തായിരുന്നു. എന്റെ ശരീരമാസകലം വിറച്ചു. ക്രിസ്തുവുനെ എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു. നിരാശയും, ദൈവദൂഷണവും എന്നെ ഉലച്ചു” (ഹിയർ ഐ സ്റ്റാൻഡ്, അബിംഗ്ഡൺ പ്രസ്സ്).

പാസ്റ്ററും ഗ്രന്ഥകാരനുമായ ഡോൺ ബേക്കർ വിഷാദരോഗവുമായി ബന്ധപ്പെട്ട തന്റെ അനുഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതി: "എനിക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതായി തോന്നി. ജീവിതത്തിൽ മൊത്തം ഒരു മങ്ങലായിരുന്നു, പലപ്പോഴും ഫോക്കസ് ഇല്ലാതായി. എന്റെ ജീവിതം, കാൽപനികവും നാട്യവും മാത്രമായി മാറി. ആർക്കും എന്നെ കുറിച്ച് ചിന്തയില്ലാത്തത് പോലെ തോന്നി, ദൈവത്തിന് പോലും. ആത്മഹത്യ മാത്രമാണ് ഒരേയൊരു പോംവഴിയെന്ന് പലപ്പോഴും തോന്നി..."

ഈ വ്യക്തികൾ തങ്ങളുടെ വികാരങ്ങൾക്ക് അടിമപ്പെട്ടില്ല. നിരാശാജനകമായ ചിന്തകളെ നിരാകരിച്ച് അവർ മുന്നോട്ട് നീങ്ങി. തടസ്സങ്ങളെയും തോൽവിയേയും മറികടക്കാൻ അവർക്ക് കഴിഞ്ഞു. നിങ്ങൾക്കുണ്ടാകുന്ന തെറ്റായ ചിന്തകൾ നിങ്ങളെയും ജീവിതത്തിന്റെ ലക്ഷ്യത്തിൽ നിന്ന് മാറ്റാൻ അനുവദിക്കരുത്.

ആ ചിന്തയെ വെല്ലുവിളിക്കേണ്ട സമയമാണിത്. ആരോഗ്യകരമായ ഒരു വീക്ഷണകോണിൽ നിന്ന് നിങ്ങളുടെ ജീവിതത്തെ നോക്കി കാണാനുള്ള സമയമാണിത്. നിങ്ങൾ മൂല്യങ്ങളുള്ള ഒരു വ്യക്തിയാണ്. നിങ്ങളുടെ ജീവിതം വിലപ്പെട്ടതാണ്. അത്കൊണ്ട് നിങ്ങളുടെ ചിന്തയും ശീലങ്ങളും മാറ്റി, ജീവിതം മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് പ്രത്യാശ നൽകാനുള്ള ഒരവസരം ദൈവത്തിന് നൽകണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ദൈവത്തിലേക്ക് തിരിയുക, ദൈവത്തിന്റെ സഹായവും മാർഗനിർദേശവും തേടുക. ദൈവത്തിന്റെ ശക്തിയെന്താണെന്ന് നിങ്ങൾക്കും കാണണ്ടേ?! ദൈവം ജീവിതങ്ങളെ മാറ്റി മറിക്കുന്നതും, തളർന്ന് കിടക്കുന്നവരെ ബലപ്പെടുത്തുന്നതും, പ്രത്യാശ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷ നൽകുന്നതും ഞാൻ കണ്ടിട്ടുണ്ട്.

സ്വയം ചോദിക്കുക:

  1. എന്റെ വിഷാദത്തിന്റെ യഥാർത്ഥ കാരണം എന്താണ്?
  2. എനിക്ക് ആത്മാഭിമാനത്തിന്റെ കുറവാണോ?
  3. പതിവായി കുറ്റബോധം എന്നെ അലട്ടാറുണ്ടോ?
  4. ബന്ധങ്ങൾ നിലനിർത്താൻ ഞാൻ ബുദ്ധിമുട്ടാറുണ്ടോ?
  5. എന്തിനെയെങ്കിലും ഞാൻ ഭയപ്പെടുന്നുണ്ടോ?
  6. എന്തെങ്കിലും നഷ്ടത്തെ കുറിച്ചോർത്ത് ഞാൻ വിഷമിക്കുന്നുണ്ടോ?
  7. ഏത് തരത്തിലുള്ള ചിന്തകളാണ് എന്റെ മനസ്സിനെ ഭരിക്കുന്നത്?
  8. ദൈവത്തെ അറിയുവാനായി എനിക്കെന്താണ് ചെയ്യാൻ കഴിയുക?

ഈ കാര്യങ്ങൾ നിങ്ങൾക്ക് വെളിപ്പെടുത്തി തരുന്നതിന് ദൈവത്തോട് അപേക്ഷിക്കുക. തുടർന്ന്, നിങ്ങളുടെ ജീവിതത്തെ മൊത്തത്തിൽ രൂപാന്തരപ്പെടുത്തന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കുക. തളർന്ന് പോവരുത്! തോറ്റ് പിന്മാറരുത്! ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളെ അകറ്റാൻ നിങ്ങളുടെ അടുത്തുള്ള ആരെയെങ്കിലും ബന്ധപ്പെടുക.

നിരാശയെ മറി കടന്ന് മുന്നേറുക

വിഷാദം അനുഭവിക്കുന്ന ആളുകൾ ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും ഗുണകരമായവയല്ല. വിഷാദത്തോട് പോരാടി നിങ്ങൾ ജീവിതത്തിൽ മുന്നേറണം. നിങ്ങളുടെ വിചാരങ്ങളെക്കുറിച്ചും, നിങ്ങളുടെ ജീവിതത്തെക്കുറിച്ചും ആരോടെങ്കിലും സംസാരിക്കുക. മനസ്സിലെ വിഷമങ്ങൾ ആരോടെങ്കിലും പങ്ക് വയ്ക്കുന്നത് വളരെ പ്രയോജനകരമാണ്. നിങ്ങളെ അലട്ടുന്ന കാര്യങ്ങളെക്കുറിച്ച് ആരോടെങ്കിലും, പ്രത്യേകിച്ച് ഒരു കൗൺസിലറുമായി സംസാരിക്കുന്നത് നിങ്ങളുടെ പ്രശ്നം - പരിഹരിക്കാൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ വിഷാദത്തെക്കുറിച്ച് ഒരു ഡോക്ടറോട് പറയുക, നിങ്ങളുടെ ശാരീരികമായ രോഗത്തെ ചികിത്സസിക്കാൻ അവർക്ക് സാധിക്കും. ചിലപ്പോൾ ഒരു ആൻറി ഡിപ്രസന്റ് കഴിക്കേണ്ടി വന്നേക്കാം. ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണക്രമവും വളരെ സഹായകരമാണ്, അത് നിങ്ങളുടെ ശരീരത്തിന് നഷ്ടപ്പെട്ട ന്യൂറോകെമിക്കലുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും.

നിങ്ങളെ സ്നേഹിക്കുന്ന ആളുകൾ, കൂട്ടുകാർ, കുടുംബക്കാർ, സഭാംഗങ്ങൾ തുടങ്ങിയവരോടും, അതിലുപരിയായി ദൈവത്തോടൊപ്പംവും സമയം ചെലവഴിക്കുമ്പോൾ നിങ്ങൾക്ക് ആത്മ ബന്ധങ്ങൾ ഉണ്ടാവുകയും, ജീവിതത്തിന് ഒരു അർത്ഥം ഉണ്ടെന്ന് മനസ്സിലാക്കാൻ നിങ്ങളെ സഹിക്കുകയും ചെയ്യും.

എവിടെ തുടങ്ങണം: നിങ്ങൾ ഈ ലേഖനം വായിച്ചു കഴിഞ്ഞുവല്ലോ. ജീവിതത്തിലേക്ക് ഒരു പുതിയ ചുവടുവെക്കാൻ നിങ്ങൾ തയ്യാറാണോ? നിങ്ങളുടെ ജീവിതം വീണ്ടും പണിതെടുക്കാനായി ഒരു ചുവടുവെയ്ക്കാമോ? സഹായം അഭ്യർത്ഥിക്കാനുള്ള ഒരു ചുവടുവെയ്ക്കാമോ? നിങ്ങൾ നിങ്ങളോട് തന്നെ പറഞ്ഞു വന്ന നുണകൾ വിശ്വസിക്കാതിരിക്കുക. ജീവിതം നിരാശാജനകമാണെന്നും, നിങ്ങൾ വിലയില്ലാത്തവരാണെന്നും, നിങ്ങൾക്ക് ശുഭ ഭാവിയില്ലെന്നുമുള്ള നുണകൾ.

നിങ്ങളുടെ ജീവിതത്തിന് ഒരു ഭാവിയും പ്രത്യാശയുമുണ്ടെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിരവധി ആളുകൾ സഹായം നേടി പിന്നീട് മെച്ചപ്പെട്ട ജീവിതം ആസ്വദിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്!

ഒരു ലോക്കൽ ഹോട്ട്‌ലൈനിലേക്ക് ഇപ്പോൾ തന്നെ വിളിക്കുക (ഈ പേജിന്റെ മുകളിൽ കൊടുത്തിരിക്കുന്ന നമ്പർ). ഒരു പുതിയ തുടക്കത്തിന് നിങ്ങൾക്ക് സഹായകരമാകാവുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് എഴുതുക.

സ്വയം ഹാനി വരുത്തുന്നതിൽ നിന്ന് എനിക്ക് നിങ്ങളെ പിന്മാറ്റാൻ കഴിഞ്ഞുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സഹായത്തിനായി ആരെയെങ്കിലും ബന്ധപ്പെടുക, അല്ലെങ്കിൽ ഈ സൈറ്റിലെ ഒരു ഉപദേഷ്ടാവുമായി ബന്ധപ്പെടുക. നിങ്ങളുടെ പാസ്റ്ററേയോ, കൗൺസിലറിനേയോ, ഒരു സുഹൃത്തിനേയോ, നിങ്ങളുടെ ഡോക്ടറെയോ വിളിക്കുക. ജീവിതത്തിലേക്കും പ്രതീക്ഷയിലേക്കും ഇപ്പോൾ തന്നെ ഒരു ചുവടുവെക്കുക.

"ഗിവ് ലൈഫ് അനതർ ചോയ്‌സ്", എന്ന ആർട്ടിക്കൾ എഴുതിയത് ലിനെറ്റ് ജെ ഹോയ് ആണ്.